Wednesday, June 6, 2012

Thursday, May 24, 2012

സ്നേഹവും സ്വാര്‍ത്ഥതയും

വീണ്ടും ഒരു അധ്യയന വര്‍ഷം തുടങ്ങയായി. ഉണ്ണിക്കുട്ടന് പുതിയ ബാഗും കുടയും പുസ്തകവും ഉടുപ്പുമെല്ലാം മേടിച്ചു. എല്ലാം  ഞങ്ങളുടെ കൊച്ചു ടൌണില്‍ കിട്ടാവുന്ന ഏറ്റവും വില കൂടിയ ഇനങ്ങള്‍. 

പണ്ട് എല്‍ പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഉച്ചക്കഞ്ഞിക്ക് ക്യു നില്‍ക്കുമായിരുന്നു, ബോംബെ ഡയിങ്ങിന്‍റെ കുപ്പായവുമിട്ട്. ഉച്ചക്കഞ്ഞി തരാന്‍ പറ്റിയില്ലെങ്കിലും അച്ഛനും അമ്മയും മാര്‍കെറ്റില്‍ കിട്ടാവുന്ന ഏറ്റവും നല്ല തുണിയും പുസ്തകവും മേടിച്ചു തരുമായിരുന്നു, പാവങ്ങള്‍!

ഇന്ന് കഥ മാറി. ഈ ഇടെ അമ്മയോട് ഞാന്‍ ചോദിച്ചു, "എന്തിനാ അമ്മെ നിങ്ങള്‍ രണ്ടു കൂട്ടരും ഇത് പോലെ വഴക്കിടുന്നെ? ഇനി എന്നെ കാണാന്‍ എന്ന് വരും ? ഇക്കണക്കിനു ഞാന്‍ മരിച്ചാല്‍ കൂടി എന്നെ കാണാന്‍ വരുമോ?"

"പിന്നെ നിന്നെ എന്തിനു കാണണം? അപ്പോള്‍ നീ ഇല്ലല്ലോ ? നിന്‍റെ പ്രേതത്തെ കാണാന്‍ ഞാന്‍ എന്തിനു വരണം ?"

മരിക്കാതെ മരിക്കുന്നത്  ഇങ്ങനെയാണ്.

സ്നേഹത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. ഒരു നാള്‍ ഞാനും ഉണ്ണിയോട് ഇത് പോലെ സ്വാര്‍ത്ഥയാകുമായിരിക്കും. ഒന്‍പതു മാസം ചുമന്ന കണക്കും അതില്‍ കൂടുതല്‍ അവനെ വളര്‍ത്തിയ കണക്കും.. വാര്‍ധക്യത്തില്‍ എല്ലാം കൂട്ടിയും കിഴിച്ചും നഷ്ടങ്ങളുടെ ചുമടുമായി..

Wednesday, May 16, 2012

കാത്തിരുന്നത്..

നിന്നെ പിരിഞ്ഞ
ഓരോ നിമിഷവും
ഓരോ കനലായി
നെഞ്ചില്‍ നീറി.

പിന്നെയാ നീറ്റല്‍
മാറില്‍ പടര്‍ന്ന്
അവിടെയിനിയും വറ്റാത്ത
ഉറവയെ തിളപ്പിച്ചു.

ഈ കണ്ണിലെ ചൂടും 
നെഞ്ചിലെ നീരും 
കനവിലെ കനലും
നീ അറിഞ്ഞിരുന്നോ ഉണ്ണീ?

അതോ.
ഒരാഴ്ച്ചവട്ടത്തില്‍ നീ
കാത്തിരുന്നത്
എന്‍റെ കയ്യിലെ
മിഠായി പൊതിക്കായിരുന്നോ?

Sunday, April 1, 2012

വാക്ക്.

അവസാനത്തെ അത്താഴം വീട്ടില്‍ നിന്നും വേണം... അച്ഛനും അമ്മയും ഒത്ത്.. അമ്മയുടെ കയ്യില്‍ നിന്നും ഒരു ഒരുള മേടിച്ചു കഴിക്കണം.. കിടക്കുന്നതിനു മുന്നേ കുറച്ചു നേരം അമ്മയുടെ കൂടെ കിടക്കണം.. തല മുടിയില്‍ കൈവിരലുകളോടിച്ചു കൊണ്ട് അമ്മ പരാതിയും പരിഭവവും വിളമ്പും. ന്നാലും വേണ്ടില്ല.. ഇത്തിരി നൊമ്പരങ്ങളോടെ ഒത്തിരി വലിയ സ്വര്‍ഗ്ഗം..

ഒടുക്കം എന്റെ കൊച്ചു മുറിയിലേക്ക്... എന്റെ ബാല്യവും കൌമാരവും ഉറങ്ങുന്ന ആ മുറിയില്‍ ജനാലക്കരികിലെ കട്ടിലില്‍ അവസാനത്തെ ശ്വാസം..

മരണത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഭയമായിരുന്നു.. എന്തോ ഇത്തവണ കണ്ണ് നിറഞ്ഞില്ല. ഒരു വല്ലാത്ത ധൈര്യം ദേഹം മുഴുവന്‍ പടരുന്ന പോലെ.. തലയില്‍ രക്തം ഇരച്ചു കയറി. ശരീരം മുഴുവന്‍ ചുട്ടു പൊള്ളി. ജീവിക്കാനുള്ള ഭയം മരിക്കാനുള്ള ഭയത്തെ അതി ജീവിച്ചിരിക്കുന്നതായി ഞാന്‍ അറിഞ്ഞു.

പെട്ടെന്ന് വാതില്‍ തുറന്ന് ഉണ്ണി ഓടി വന്നു.. ഒരു അലര്‍ച്ചയോടെ അവന്‍ എന്റെ മടിയിലേക്ക്‌ വീണു.. "എന്തെ എന്‍റെ കുട്ടന് പറ്റ്യേ?", ഞാന്‍ ഉണ്ണിയുടെ മുഖമുയര്‍ത്തി കൊണ്ട് ചോദിച്ചു.

"അമ്മ ഞാനില്ലാതെ ഒരിക്കലും മരിച്ചു പോകരുത്!"

അവനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ വാക്കുകള്‍ പരതി. ഒരു നിലവിളിയായി അത് പുറത്തു വന്നു.. "ഇല്ല ഉണ്ണീ.. അമ്മ ഒരിക്കലും ഉണ്ണിയെ ഇട്ടു പോവില്ല".
നിറയെ ഉമ്മകള്‍ കൊണ്ട് ഞാന്‍ അവനെ മൂടി... ഞാനും അവനും ഒരു പോലെ കുറെ നേരം കരഞ്ഞു..

അവന്‍ എങ്ങനെ ഞാന്‍ ചിന്തിച്ചതറിഞ്ഞു ? അത്രയും ഉറക്കെ ആയിരുന്നോ ഞാന്‍ ചിന്തിച്ചത് ? അതും അവനു കേള്‍ക്കുമാറുറക്കെ ? അതോ ദൈവം തോന്നിപ്പിച്ചതോ ? ഇതേ ശരീരത്തിന്റെ ഭാഗമായിരുന്നല്ലോ അവനും.. എന്റെ ശരീരത്തിന്റെ ഓരോ അണുവും മരിക്കാന്‍ തുടങ്ങിയത് അവനല്ലാതെ മറ്റാര് അറിയാന്‍.

എത്ര തന്നെ കാരണങ്ങള്‍ നിരത്തിയാലും എന്റെ ചിന്തകള്‍ സാധൂകരിക്കപ്പെടില്ല.. എനിക്കറിയാം.. എന്നെ പോലെ പലരും ചിന്തിച്ചിരിക്കുന്നു.. മക്കളെ കൊന്ന് ആത്മാഹൂതി ചെയ്തവരും.. ഒറ്റയ്ക്ക് യാത്രയായവരും.

പക്ഷെ ഇതെന്റെ വാക്കാണ്‌.. എന്റെ ഉണ്ണികുട്ടനോട്.. എന്നെന്നും കുട്ടന്റെ അമ്മ കുട്ടന്റെ കൂടെ തന്നെ കാണും. വാക്ക്!

Thursday, March 1, 2012

യാത്ര

മുഖത്ത് വീണ ചുരുണ്ട മുടി മാടി ഒതുക്കി കൊണ്ട് അവന്‍ ചോദിച്ചു,"ഇനി എന്നും ഇത് പോലെ രാത്രിയായിട്ടേ എത്തൂ?"

യാത്ര തളര്‍ത്തിയ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാലാടി.. കണ്ണുകള്‍ തുറന്നിരിക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു.. "ഊം", ഞാന്‍ ഒരു മൂളലില്‍ മറുപടി ഒതുക്കി.

"ഇങ്ങനെ ഇങ്ങനെ ഒരിക്കലെന്നെ പറ്റിക്യോ പെണ്ണേ നീ ?".

"ഇല്ല, ഒരിക്കലുമില്ല", കണ്ണ് നിറഞ്ഞു പോയി ആ വലിയ നുണയില്‍‍..

പിറ്റേന്ന് മുതല്‍ ഹോസ്റ്റലില്‍ ചേരാന്‍ മനസ്സിലുറപ്പിച്ചതാണ്.. എന്നും ഇനി ഇങ്ങനെ യാത്ര ചെയ്യാനാകില്ല. അവന്‍ കണ്ണ് തുറക്കുന്നതിനും മുന്നേ യാത്രയാവണം. യാത്ര പറയുന്നത് അവനൊരു പതിവാണ്. ഒരു ഭാവഭേദമില്ലാതെ നോക്കി നില്‍ക്കും. യാത്ര പറയുന്ന എനിക്കാണ് സങ്കടം സഹിക്കാനാകാത്തത്.. ചങ്ക് പറിച്ചു വക്കണ പോലെ തോന്നും.. അല്ലേലും ദിവസമെത്ര ഞാന്‍ പേറിയ ഹൃദയമാണവന്‍റെ.. ആ ഹൃദയ താളം താരാട്ടു പാടാതെ ഞാന്‍ ഇനി എങ്ങിനുറങ്ങും? അവന്‍റെ കവിളത്ത് അമര്‍ത്തി ഒരുമ്മ കൊടുത്ത് അടുത്ത ശ്വാസത്തില്‍ അവന്‍റെ മണം മുഴുവന്‍ ആവാഹിച്ച് ആ കുഞ്ഞു നെഞ്ചില്‍ ചെവിയോര്‍ത്തു ഞാന്‍ കണ്ണടച്ചു.. എന്നത്തേയും പോലെ കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്‌ അവനെന്നെ ചേര്‍ത്ത് കിടത്തി.

സ്വപ്നത്തില്‍ അവനൊരു വലിയ വൃക്ഷമായി വളര്‍ന്നു.. ഞാനാ തണലില്‍ ചുരുണ്ടുറങ്ങി...

Wednesday, February 29, 2012

ഒരു ഉണ്ണിക്കഥ

എല്ലാ കുട്ടികളെ പോലെയും ഉണ്ണിക്കുട്ടന് ഉറങ്ങാന്‍ നേരം കഥ വേണം... ഒരു ദിവസം കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ഒരു കഥ ഞാന്‍ തന്നെ ഉണ്ടാക്കി... എവിടെ എത്തിക്കണം എന്നൊന്നും മുന്‍‌കൂര്‍ തീരുമാനിച്ചിരുന്നില്ല.. വഴിയിലെപ്പോഴെങ്കിലും അവന്‍ ഉറങ്ങും എന്ന പ്രതീക്ഷയില്‍ ഞാന്‍ തുടങ്ങി... കഥയിലെ നായകന്‍ ഉണ്ണിക്കുട്ടന്‍ തന്നെ!

"ഒരിക്കല്‍ ഉണ്ണിക്കുട്ടന്‍ ഒരു നിധി കണ്ടു പിടിക്കാന്‍ പോയി... അതും കപ്പലില്‍.... സാഹസികമായ ആ യാത്രയില്‍ ഉണ്ണിക്കുട്ടന് പല പ്രതിസന്ധിയും നേരിടേണ്ടി വന്നു.. എത്തിപെട്ടതോ... ഒരു ദ്വീപില്‍... വലിയ മരങ്ങളും ഹിംസ്ര ജന്തുക്കളുമുള്ള വനത്തിലൂടെ അവന്‍ നടന്നു മുന്നേറിയപ്പോള്‍ അതാ കിടക്കുന്നു തിളങ്ങുന്ന ഒരു കല്ല്‌.. ഉണ്ണിക്കുട്ടന്‍ കൌതുകത്തോടെ അതിനെ എടുക്കാനാഞ്ഞു ....
അതൊന്നനങ്ങിയോ?
അതൊരു മുട്ടയായിരുന്നു..
ഡ്രാഗണ്‍ മുട്ട!!!


ഉണ്ണിക്കുട്ടന്‍റെ കണ്ണുകള്‍ വിടര്‍ന്നു...

"ഉണ്ണി, ഡ്രാഗണ്‍ കുഞ്ഞിനു എന്ത് പേരാ ഇടാ ?",

ഉണ്ണി ഒരു നിമിഷം പോലും ചിന്തിച്ചില്ല...

"മാധവന്‍"

"മാധവനോ?" ഞാന്‍ ഞെട്ടി....

"ഡ്രാഗണ്‍ മാധവന്‍... ഹ ഹ ഹ......", എനിക്ക് ചിരി അടക്കാനായില്ല.

ഉണ്ണിയുടെ നിഷ്കളങ്കമായ കണ്ണുകള്‍ എന്നില്‍ തറഞ്ഞിരുന്നു. അമ്മയെന്തേ ചിരിക്കുന്നത് എന്നവന്‍ അതിശയിച്ചിരിക്കണം.
ആ കണ്ണുകളില്‍ പറക്കമുറ്റാത്ത ഡ്രാഗണ്‍ കുഞ്ഞ് എന്നെ തന്നെ നോക്കിയിരുന്നു.

"അങ്ങനെ ഉണ്ണിക്കുട്ടനും ഡ്രാഗണ്‍ കുഞ്ഞും യാത്ര തുടര്‍ന്നു...."
ഞാന്‍ കഥ തുടര്‍ന്നു...

Tuesday, February 28, 2012

സസ്നേഹം അമ്മ...

എന്‍റെ മകന്...

             അമ്മ പറഞ്ഞ കഥകളും പറയാതിരുന്ന സ്വപ്നങ്ങളും എത്ര പറഞ്ഞാലും തീരാത്ത സ്നേഹവും...

                                          സസ്നേഹം അമ്മ...