Thursday, March 1, 2012

യാത്ര

മുഖത്ത് വീണ ചുരുണ്ട മുടി മാടി ഒതുക്കി കൊണ്ട് അവന്‍ ചോദിച്ചു,"ഇനി എന്നും ഇത് പോലെ രാത്രിയായിട്ടേ എത്തൂ?"

യാത്ര തളര്‍ത്തിയ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാലാടി.. കണ്ണുകള്‍ തുറന്നിരിക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു.. "ഊം", ഞാന്‍ ഒരു മൂളലില്‍ മറുപടി ഒതുക്കി.

"ഇങ്ങനെ ഇങ്ങനെ ഒരിക്കലെന്നെ പറ്റിക്യോ പെണ്ണേ നീ ?".

"ഇല്ല, ഒരിക്കലുമില്ല", കണ്ണ് നിറഞ്ഞു പോയി ആ വലിയ നുണയില്‍‍..

പിറ്റേന്ന് മുതല്‍ ഹോസ്റ്റലില്‍ ചേരാന്‍ മനസ്സിലുറപ്പിച്ചതാണ്.. എന്നും ഇനി ഇങ്ങനെ യാത്ര ചെയ്യാനാകില്ല. അവന്‍ കണ്ണ് തുറക്കുന്നതിനും മുന്നേ യാത്രയാവണം. യാത്ര പറയുന്നത് അവനൊരു പതിവാണ്. ഒരു ഭാവഭേദമില്ലാതെ നോക്കി നില്‍ക്കും. യാത്ര പറയുന്ന എനിക്കാണ് സങ്കടം സഹിക്കാനാകാത്തത്.. ചങ്ക് പറിച്ചു വക്കണ പോലെ തോന്നും.. അല്ലേലും ദിവസമെത്ര ഞാന്‍ പേറിയ ഹൃദയമാണവന്‍റെ.. ആ ഹൃദയ താളം താരാട്ടു പാടാതെ ഞാന്‍ ഇനി എങ്ങിനുറങ്ങും? അവന്‍റെ കവിളത്ത് അമര്‍ത്തി ഒരുമ്മ കൊടുത്ത് അടുത്ത ശ്വാസത്തില്‍ അവന്‍റെ മണം മുഴുവന്‍ ആവാഹിച്ച് ആ കുഞ്ഞു നെഞ്ചില്‍ ചെവിയോര്‍ത്തു ഞാന്‍ കണ്ണടച്ചു.. എന്നത്തേയും പോലെ കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്‌ അവനെന്നെ ചേര്‍ത്ത് കിടത്തി.

സ്വപ്നത്തില്‍ അവനൊരു വലിയ വൃക്ഷമായി വളര്‍ന്നു.. ഞാനാ തണലില്‍ ചുരുണ്ടുറങ്ങി...

5 comments:

  1. വലിയ വൃക്ഷം.......
    അവസാനത്തെ വരികൾ അതിഗംഭീരമായി.

    ReplyDelete
  2. അമ്മയാവണം അമ്മയെ അറിയാന്‍ അല്ലെ...

    ReplyDelete
  3. അമ്മ ദൈവമാണ്... കാണപ്പെട്ട ദൈവം.
    മാതൃത്വത്തിന്‍റെ മൂര്‍ത്തിമത് ഭാവങ്ങളായ ഉണ്ണിയുടെ അമ്മൂമ്മാരുടെ മുന്നില്‍ ഞാന്‍ നിഷ്പ്രഭമായ പോലെ തോന്നിയിട്ടുണ്ട്.
    എനിക്ക് അമ്മയിലേക്ക്‌ ഇനിയും സഞ്ചരിക്കാനുണ്ട്... ഉണ്ണിക്കൊപ്പമുള്ള യാത്ര..

    ReplyDelete
  4. അമ്മ ..
    എനിക്കെന്നും അതൊരു വിങ്ങുന്ന ഓര്‍മ്മയാണ് ...
    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒന്ന് കൂടി നെഞ്ചകം നീറി ..

    ആശംസകള്‍

    ReplyDelete
  5. വളരെ ഹൃദ്യമായി...
    അഭിനന്ദനങ്ങള്‍..

    www.ettavattam.blgospot.com

    ReplyDelete